പ്രിയമുള്ളവരേ,

ഈ കാലഘട്ടത്തിന്‍റെ പ്രതിസന്ധി ഏറെ തളർത്തിയ ഒരു സാഹചര്യത്തിലാണ് ഈ ഉദ്യമത്തിന് തയാറാകേണ്ടി വന്നത് എന്ന് സ്നേഹത്തോടെ അറിയിക്കട്ടെ..

കൊല്ലം ജില്ലയിലെ കൊല്ലം മെത്രാസനത്തിൽപ്പെട്ട കരുനാഗപ്പള്ളി മണപ്പള്ളി സെൻ്റ് മേരീസ് ശാലേം ദേവാലയം 1983 ൽ സ്ഥാപിതമായതാണ്. ഈ പ്രദേശത്തെ വിശ്വാസികൾക്ക് പുരാതനവും മാതൃദേവാലയാവുമായ തഴവ സെൻ്റ് തോമസ് ദേവാലയത്തിൽ ആരാധനയ്കായുള്ള യാത്ര ഏറെ ക്ലേശകരമായ സാഹചര്യത്തിൽ അന്നത്തെ ഇടവക മെത്രാപ്പൊലിത്ത അഭിവന്ദ്യ കൂറിലോസ് തിരുമനസിന്‍റെ കല്പന പ്രകാരം ഇടവക ചേരുവാൻ താത്പര്യമുള്ളവരുടെ ഒരു പട്ടിക തയ്യാറാക്കുകയും ഈ പ്രദേശത്തെ കുടുംബങ്ങൾ ഈ ഇടവകയിൽ അംഗങ്ങൾ ആകുകയും ചെയ്തു.

അന്ന് വളരെ സാമ്പത്തിക ബുദ്ധിമുട്ടുളള സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കിയ പഴയ ദേവാലയം ഇപ്പോൾ ഇടവക അംഗങ്ങൾക്ക് ഒരുമിച്ച് ആരാധനയിൽ സംബന്ധിക്കുവാൻ വളരെ സ്ഥലപരിമിതമായതിനാലും കാലപ്പഴക്കം മൂലം വളരെ ജീർണാവസ്ഥയിലായതിനാലും ഒരു പുനർനിർമാണം ആഗ്രഹിച്ചു. ഇടവക വികാരി വന്ദ്യ വി. ജി. കോശി വൈദ്യൻ അച്ചന്‍റെ നേതൃത്തത്തിൽ ഇടവകയുടെ ഐക്യമായ ആലോചനയിൻ പ്രകാരം 2018 ഒക്ടോബർ മാസം 28ാം തീയതി ഞായറാഴ്ച വി. കുർബ്ബാനക്കു ശേഷം കൊല്ലം ഭദ്രാസന മെത്രാപോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു പണി ആരംഭിച്ച ദേവാലയം അതിന്‍റെ നിർമ്മാണ പ്രവർത്തനത്തിന്‍റെ പുരോഗതിയിലാണ്.

എന്നാൽ ആകസ്മികമായി ലോകത്തെ ബാധിച്ച കോവിഡ് 19 മഹാവ്യാധി ഇതിന്‍റെ നിർമ്മാണ പ്രവർത്തനത്തെ ഏറെ തളർത്തിയ ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായ സഹകരണം സ്നേഹത്തോടെ ഏറെ വിനയപെട്ട് അഭ്യർത്ഥിക്കുന്നു.

പുനർനിർമാണത്തിനുള്ള സാമ്പത്തികം കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. കഴിഞ്ഞ മൂന്നു വർഷക്കാലമായി ആരാധന നടക്കുന്ന താൽക്കാലിക ഷെഡ് കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുവാൻ കരുത്തുള്ളതല്ല. ഇടവകയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ദിവസവേതനകാർ ആയതിനാൽ നിർമാണ ചിലവുകൾ പൂർണമായും വഹിക്കാൻ പ്രാപ്തിയില്ല. ആയതിനാൽ ഇടവക നിർമാണ പ്രവർത്തനങ്ങൾക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനാപൂർവമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

പരിശുദ്ധ ദൈവമാതാവിന്‍റെ സാന്നിധ്യവും അനുഗ്രഹവുമുള്ള, അനേക നാനാജാതി മതസ്ഥർക്കു ആശ്രയവും വിശ്വാസവുമുള്ള ഈ ദേവാലയം പണിത് പൂർത്തിയാക്കുവാൻ ഞങ്ങൾ ഏറെ പരിശ്രമിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ ഒരു സഹായം നൽകിയാൽ അത് ദൈവമഹത്വത്തിനും ദൈവാനുഗ്രഹങ്ങൾക്കും മുഖാന്തിരമാകും എന്നതിൽ സംശയം വേണ്ട.

പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഈ ദേവാലയം അനുഗ്രഹീതമായി പണിതു പൂർത്തീകരിക്കുവാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന ഈ 1000 രൂപയുടെയോ അതിന്‍റെ ഗുണിതങ്ങളുടെയോ ചലഞ്ച് നിങ്ങൾ സ്വയം ഏറ്റെടുക്കുകയും നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിൽ പങ്കാളികളാക്കുകയും ചെയ്തുകൊണ്ട് ഈ ദൈവാലയ പൂർത്തീകരണത്തിന്‍റെ ഭാഗമാകണമേയെന്നു വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു.

കൂടുതൽ അറിയുക